രാശിചക്രത്തിലെ 360 ഡിഗ്രികളെ 27 നക്ഷത്രമേഖലകളായി വിഭജിച്ചി ട്ടുള്ളതില്‍ ആദ്യത്തെ നക്ഷത്ര മേഖലയാണ് അശ്വതി. ഭൂമിയെ ചുറ്റി സഞ്ചരിക്കുന്ന ചന്ദ്രന്‍ 0 ഡിഗ്രി മുതല്‍ 13 ഡിഗ്രി 20 മിനിട്ടുവരെ സഞ്ചരിക്കുന്ന സമയത്തെ അശ്വതി നക്ഷത്രം എന്നു പറയുന്നു. അശ്വാരൂഢന്മാരായ രണ്ടുപേർ എന്ന അർത്ഥത്തിൽ അശ്വിനൗ അഥവാ അശ്വായുജൗ എന്ന നാമമായിരുന്നു പ്രാചീനമായി ഉണ്ടായിരുന്നതു്. അതായത് രണ്ടു പ്രധാന നക്ഷത്രങ്ങള്‍ ഉള്‍പ്പെടുന്ന നക്ഷത്ര ഗണം. ഗ്രീക്കു പുരാണത്തിലെ കാസ്റ്റർ, പോളക്സ് എന്നീ ദേവന്മാർക്കു സമാനമായി ഹിന്ദുപുരാണങ്ങളിൽ കാണപ്പെടുന്ന അശ്വിനീദേവന്മാരെയാണ് ഈ പേര് പ്രതിനിധാനം ചെയ്തിരുന്നത്.. ശാകല്യസംഹിതയിലും ബ്രഹ്മഗുപ്തന്‍റെ ഖണ്ഡകാദ്യകത്തിലും മറ്റും രണ്ടു നക്ഷത്രങ്ങളെത്തന്നെയാണു് അശ്വതിയായി പരിഗണിച്ചിരുന്നത്. എന്നാൽ സൂര്യസിദ്ധാന്തത്തിൽ ഇവയുടെ യോഗതാരകം (junction star) ആയി വടക്കുള്ള ആൽഫാ ഏരിയറ്റിസിനെക്കൂടി ഉൾപ്പെടുത്തിക്കാണാനുണ്ട്. ഇപ്രകാരം വരുന്ന ത്രികോണാകൃതി ആണ് അശ്വമുഖം ആയി കരുതുന്നത് .
ഈ നക്ഷത്രത്തിന്‍റെ ദേവത അശ്വിനീ ദേവന്മാരാണ്. ഈ നക്ഷത്രത്തില്‍ ജനിക്കുന്നവന്‍ വിദ്വാനും ബുദ്ധിമാനും ധൈര്യവാനും സ്വാതന്ത്ര്യശീലം ഉള്ളവനും അഭിമാനിയും സുന്ദരനും ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നവനുമായും ഭവിക്കും.
പ്രിയഭൂഷണസ്സുരൂപസ്സുഭഗോ ദക്ഷോ ശ്രിനീഷു മതിമാംശ്ച
(ഹോര)
എന്ന പ്രമാണം അനുസരിച്ച് അശ്വതി നക്ഷത്രത്തില്‍ ജനിച്ചവര്‍ അലങ്കാരങ്ങളില്‍ താല്‌പര്യമുള്ളവരായിരിക്കും. നല്ല ശരീരത്തോടു കൂടിയവരായിട്ടും (സുഭഗ) സര്‍വ്വജനങ്ങള്‍ക്കും പ്രിയരായിട്ടും സമര്‍ത്ഥരും ബുദ്ധിമാന്മാരുമായിട്ടും ഭവിക്കുന്നതാണ്.
അശ്വിന്യാമതി ബുദ്ധി വിത്ത വിനയ- പ്രജ്‌ഞാ യശ്ശസ്വീ സുഖീ.
(ജാതക പാരിജാതം)
അശ്വതി നക്ഷത്രത്തില്‍ ജനിച്ചാല്‍ ബുദ്ധിയും ധനവും വിനയവും വിദ്യയും കീര്‍ത്തിയും സുഖവും ഉണ്ടായിരിക്കും.
സുരൂപോ സുഭഗോ ദക്ഷഃ സ്‌ഥൂലകായോ മഹാധനീ
അശ്വനീ സംഭവോ ലോകേ ജായതേ ജനവല്ലഭഃ
(മാനസാഗരി)
അശ്വതി നക്ഷത്രത്തില്‍ ജനിച്ചാല്‍ എല്ലാവിധ ഐശ്വര്യങ്ങളും സൗന്ദര്യം, സൗഭാഗ്യം, കാര്യസാമര്‍ത്ഥ്യം, പുഷ്‌ടിയുള്ള ശരീരം, വലിയ ധനസ്‌ഥിതി ജനങ്ങളുടെ നേതൃത്വം തുടങ്ങിയവയും ഉണ്ടായിരിക്കുന്നതാണ്.
പ്രാജ്‌ഞോ ധൃതിമാന്‍ ദക്ഷ- സ്വതന്ത്രശീലഃ കുലാധീകോ മാനീ;
ഭ്രാതൃജ്യേഷ്‌ഠ സ്സുഭഗോ, ജനപ്രിയശ്‌ചാശ്വിനീ ജാതഃ
(ബൃഹത്‌ജാതകപദ്ധതി)
പ്രസ്തുത പ്രമാണം അനുസരിച്ച് അശ്വതി നക്ഷത്രത്തില്‍ ജനിക്കുന്നവര്‍ വിദ്വാന്മാരായും ബുദ്ധിയും ധൈര്യവും സാമര്‍ത്ഥ്യവും സ്വാതന്ത്ര്യശീലവും ഉള്ളവരായും കുലത്തിനു ശ്രേഷ്‌ഠത നല്കുന്നവരായും അഭിമാനികളായും ജ്യേഷ്‌ഠഭ്രാതാക്കളായും (തറവാട്ടിലെ മൂത്തസന്താനം ആയിരിക്കും) സുന്ദരന്മാരായും ജനങ്ങള്‍ക്കിഷ്‌ടമുള്ളവരായും ഭവിക്കും.
എല്ലാ അശ്വതി നക്ഷത്രക്കാരും ജ്യേഷ്‌ഠഭ്രാതാക്കള്‍ ആയിരിക്കണമെന്ന് പറയുന്നത് യുക്തിയല്ല. ചിന്ത കൊണ്ടും പ്രവൃത്തി കൊണ്ടും സഹോദരങ്ങളെക്കാള്‍ പക്വതയും കാര്യശേഷിയും പ്രകടിപ്പിക്കും എന്ന് സാരം.
ചൈതന്യമുള്ള കണ്ണുകള്‍, പ്രശാന്തമായി കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവ്, ഓര്‍മ്മശക്തി,വിവേചനബുദ്ധി ഇവ പൊതുവെ കാണാം. ആരുടെയും പ്രേരണക്കോ പ്രലോഭനത്തിനോ അത്ര എളുപ്പത്തില്‍ വഴങ്ങുകയില്ല. എന്നാല്‍ ഒരു നിലപാട് സ്വീകരിച്ചാല്‍ അത് നിലനിര്‍ത്തുകയും ചെയ്യും. അതായത് ആലോചിച്ചോ, അല്ലാതെയോ ഏതെങ്കിലുമൊരു ഉറച്ച തീരുമാനമെടുത്തു കഴിഞ്ഞാല്‍ ന്തു കഷ്‌ടനഷ്‌ടങ്ങള്‍ വന്നാലും അതില്‍നിന്നും പിന്മാറാത്ത ഒരു നിര്‍ബന്ധബുദ്ധിയും ഇവര്‍ക്ക് ഉണ്ടായിരിക്കും. ചൊവ്വയുടെ സ്വക്ഷേത്രത്തില്‍ വരുന്ന നക്ഷത്രമായതുകൊണ്ടാണ് പൗരുഷവും ധൈര്യവും സ്‌ത്രീപുരുഷഭേദമെന്യേ ഇവരില്‍ കണ്ടുവരുന്നത്. സ്വഭാവത്തില്‍ വളരെ ശാന്തരായിരിക്കും. പക്ഷെ, ആര്‍ക്കും പിടികൊടുക്കാതെ കാര്യം നേടുവാനുള്ള സാമര്‍ത്ഥ്യവും, ആരുടേയും നിര്‍ബന്ധത്തിനോ, ബലപ്രയോഗത്തിനോ വഴങ്ങാത്ത മനസ്സും ഇവരുടെ പ്രത്യേകതകളാണ്. അന്ധവിശ്വാസത്തിനു കീഴ്പെടുന്നവരല്ല. എന്നാല്‍, പൊതുവേ നല്ല ഈശ്വര വിശ്വാസികളും ആയിരിക്കും. ദുഖങ്ങളില്‍ മറ്റുള്ളവരെ സമാധാനിപ്പിക്കാന്‍ സമര്‍ഥരാണ്. ഉള്ളീല്‍ യാഥാസ്ഥികത്വം പുലര്‍ത്തും. ഇവരുടെ യുക്തിവാദത്തിലും ഈശ്വരചിന്തയുടെ അംശം കാണും. കലാരസികന്മാരോ കലാപ്രവര്‍ത്തകരോ ആയിരിക്കും. സ്വന്തം ജീവിതവുമായി ബന്ധമില്ലാത്ത കാര്യങ്ങളിലും ഇടപെട്ട് മനോദുഖം ഉണ്ടാക്കും.
അശ്വിനീ ജാതര്‍ക്ക് സംഗീതം, ചിത്രരചന, സാഹിത്യം മുതലായ കലകളില്‍ നല്ല വാസനയുണ്ടാകും. കൂടാതെ രാഷ്ട്രീയത്തിലും. പരിപോഷിപ്പിച്ചെടുക്കുകയാണെങ്കില്‍ അവര്‍ പ്രസ്തുത മേഖലകളില്‍ നല്ലതുപോലെ ശോഭിക്കുകയും ചെയ്യും.
ബന്ധുബലം ഉണ്ടായിരിക്കും. പക്ഷെ, ബന്ധുവിദ്വേഷവും അതേപോലെ ഉണ്ടാകും. സുഖങ്ങള്‍ അനുഭവിക്കുന്നതില്‍ വളരെ താത്പര്യം ഉണ്ട്. നടപ്പിലും, പ്രവൃത്തിയിലും വീട്ടിലും വൃത്തിയുണ്ടാകണമെന്നത് നിര്‍ബന്ധമായിരിക്കും. കുലീനത പാലിക്കും. ഏതുകാര്യത്തിനിറങ്ങിയാലും മുന്നിട്ട് നില്‍ക്കും. സമൂഹത്തില്‍ മാന്യ പദവി ഉണ്ടായിരിക്കും. മറ്റുള്ള ആളുകളുമായി ആശയ വിനിമയം നടത്താനും കാര്യങ്ങള്‍ പറഞ്ഞ് ബോധിപ്പിക്കാനും തങ്ങളുടെ ഭാഗത്താക്കാനുമിവര്‍ക്ക് പ്രത്യേക സാമര്‍ത്ഥ്യം ഉണ്ടാകും. സ്‌നേഹിക്കുന്നവര്‍ക്കുവേണ്ടി എന്തു ത്യാഗം സഹിക്കാനും സന്നദ്ധത കാണിക്കും.
സാമ്പത്തികമായി ഏറെ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ പ്രയാസമാണ്. വ്യാഴം, സൂര്യന്‍, ശനി തുടങ്ങിയ ഗ്രഹങ്ങള്‍ ജന്മ സമയത്ത് അനുകൂല ഭാവങ്ങളില്‍ വന്നാല്‍ മാത്രമേ സ്ഥിരമായ സാമ്പത്തിക നേട്ടം ഉണ്ടാകൂ. നന്നായി ജീവിക്കാനുള്ള ശൈലി രൂപപ്പെടുത്തും പക്ഷെ, ഇവരുടെ സാമ്പത്തികമായ ഉയര്‍ച്ച, ഇവരുടെ വരുമാനം വച്ചുനോക്കുമ്പോള്‍ താരതമ്യേന കുറവായിട്ടാണ് കാണുന്നത്. സൂര്യന്‍ ഉച്ചസ്ഥാനത്ത് എത്തുന്നത് മേടം രാശിയില്‍ 10 ഭാഗയില്‍ ഉള്‍പ്പെടുന്ന അശ്വതി നക്ഷത്രത്തില്‍ വരുമ്പോഴാണ്. അതിനാല്‍ അധികാരസ്‌ഥാനങ്ങളില്‍ ഇരിക്കാനുള്ള ഭാഗ്യമുണ്ടാകുന്നതാണ്. പോലീസ്, സൈനിക മേഖലകള്‍, കമ്പനി മേലധികാരി, രാഷ്ട്രീയ നേതാവ്, വകുപ്പ് മേധാവി തുടങ്ങിയ മേഖലകളിലും ചികിത്സാരംഗത്തും അധ്യാപനത്തിലും ശോഭിക്കാന്‍ സാധിക്കും. അഭിഭാഷക ജോലി ഏറെ ഗുണകരം.
ലഹരി താത്പര്യം, അമിതമായ കാമചിന്ത ഇവയാണ് ഇവരെ ബാധിക്കാവുന്ന പ്രധാന ദോഷങ്ങള്‍. അര്‍ശസ്, മൂത്രരോഗം, വാതം, ഹൃദ്രോഗം ഇവ ബാധിക്കാം. ഇവര്‍ പക്ഷെ ചികിത്സ കൃത്യമായി ചെയ്യുന്നതില്‍ വിമുഖരായിരിക്കും.
ദേവവൈദ്യന്മാരായ അശ്വിനി ദേവതകളാണ് ഇവരുടെ അധിപ ദേവത. ഇവരുടെ കൈയില്‍ നിന്നും ഔഷധം വാങ്ങി സേവിച്ചാല്‍ രോഗം ഭേദമാകുമെന്നും പറയപ്പെടുന്നുണ്ട്. എന്നാല്‍ ഇത് പുരാണ കഥകളുമായി ബന്ധപ്പെട്ട ഒരു വിശ്വാസം മാത്രമാണ്.
അശ്വതിയുടെ ആദ്യപാദം ഗണ്ഡാന്തം എന്ന ദോഷമുള്ളതാണ്. ഈ സമയത്ത് ജനിക്കുന്നവരില്‍ ഗുണാനുഭവങ്ങള്‍ കുറഞ്ഞിരിക്കും. പലരും കുടുംബം വിട്ട് താമസിക്കും. സാമ്പത്തികവും ഗുണകരമായിരിക്കയില്ല. അശ്വതി നാളുകാരുടെ ശുക്രദശ ചെറുപ്പത്തില്‍തന്നെ കഴിയും( ആദ്യം കേതു, പിന്നെ ശുക്രന്‍). തുടര്‍ന്നുള്ള ആദിത്യ ദശാകാലം പൊതുവെ കഷ്ടപ്രദവുമായിരിക്കും. ഇക്കാലത്ത് അനുയോജ്യമായ വഴിപാടുകള്‍ നടത്തി ഗ്രഹപ്പിഴാദോഷം ഒരു പരിധി വരെ കുറയ്ക്കാം.
അശ്വതി നാളില്‍ ജനിച്ച സ്ത്രീകള്‍ക്കും മിക്കവാറും മേല്പറഞ്ഞ അനുഭവങ്ങള്‍ തന്നെ ഉണ്ടാകും.
ജാതാശ്വിനീഷു പ്രമദാ മനോജ്‌ഞാ
പ്രഭൂതകോശാ പ്രിയദര്‍ശനാ
ച പ്രിയംവദാ സര്‍വ്വസഹാഭിരാമാ
ശുദ്ധാന്വിതാ ദേവഗുരു പ്രസക്‌താ
എന്ന പ്രമാണം അനുസരിച്ച് ഇവര്‍ നല്ല കുടുംബിനികളും ധൈര്യവതികളും കുടുംബത്തിനു ഐശ്വര്യം നല്‍കുന്നവരും ആയിരിക്കും. നിഷ്‌ക്കളങ്കമായ ഭര്‍ത്തൃഭക്‌തിയുമുണ്ടായിരിക്കും.
നവവസ്ത്രധാരണം, ഉപനയനം, ക്ഷൗരം, സീമന്തം, ആഭരണ ധാരണം, വാഹന ഉപയോഗം, സ്ത്രീസുഖം, കൃഷി ആരംഭം, വിദ്യാരംഭം, വൃക്ഷം നടല്‍ അധികാരികളെ കാണല്‍, സാധനങ്ങള്‍ വാങ്ങാന്‍(വില്‍ക്കാന്‍ ഗുണകരമല്ല), കുതിരവാങ്ങല്‍, വില്‍ക്കല്‍, സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാന്‍, കടം കൊടുക്കാന്‍, ശ്രാദ്ധത്തിന്, കൂടാതെ അശ്വതി നക്ഷത്രം പാര്‍ശ്വനക്ഷത്രമായതുകൊണ്ട് പാര്‍ശ്വഭാഗത്ത് ചെയ്യുന്ന ക്രിയകള്‍ക്ക് -റോഡുവെട്ടല്‍, കൃഷിയന്ത്രാദികള്‍ കൊണ്ടുപോകല്‍, വാഹനങ്ങള്‍ ഓടിക്കല്‍ ഇവയ്ക്ക് നല്ല ദിവസമാണ്. അശ്വതി നക്ഷത്രത്തില്‍ സാധനങ്ങള്‍ കളഞ്ഞുപോയാല്‍ കിട്ടാന്‍ പ്രയാസമാണ് എന്ന് വിശ്വസിക്കപ്പെടുന്നു.
കാര്‍ത്തിക, മകയിരം, പുണര്‍തം, വിശാഖം നാലാംപാദം, അനിഴം, തൃക്കേട്ട എന്നിവ പ്രതികൂലനക്ഷത്രങ്ങളാണ്.
അശ്വതി നക്ഷത്രത്തിന്‍റെ അധിപ ഗ്രഹം കേതുവാണ്. ഈ നക്ഷത്രക്കാര്‍ ഗണപതിയെ ഭജിക്കുന്നത് ഉത്തമമാണ്. ജന്മനക്ഷത്രം തോറും ഗണപതിഹോമം നടത്തുന്നത് ഐശ്വര്യപ്രദമായിരിക്കും. വിനായക ചതുര്‍ത്ഥിനാളില്‍ വ്രതമനുഷ്ഠിക്കുന്നതും ഉത്തമം. കേതുപ്രീതികരമായ മന്ത്രങ്ങളും സ്തോത്രങ്ങളും ഇവര്‍ ജപിക്കുന്നതും ഉത്തമം. മേടം രാശ്യാധിപനായ കുജനെ പ്രീതിപ്പെടുത്തുന്ന കര്‍മ്മങ്ങളും ഇവര്‍ അനുഷ്ഠിക്കേണ്ടതാണ്. ചൊവ്വാഴ്ചയും അശ്വതി നക്ഷത്രവും ചേര്‍ന്നുവരുന്ന ദിവസം സുബ്രഹ്മണ്യഭജനം (ചൊവ്വ ജാതകത്തില്‍ ഓജരാശിയിലെങ്കില്‍), ഭദ്രകാളീഭജനം (ചൊവ്വ ജാതകത്തില്‍ യുഗ്മരാശിയിലെങ്കില്‍) എന്നിവ നടത്തുന്നത് ഫലപ്രദമാണ്.
.