Monday, October 4, 2010

ഭരണി (BHARANI)


രാശിചക്രത്തില്‍ മേടം രാശിയിൽ 13 ഡിഗ്രി 20 മിനിട്ടു മുതൽ 26 ഡിഗ്രി 40 മിനിട്ടു വരെ ഭരണി നക്ഷത്രമാണ്. അതായത് രണ്ടാമത്തെ നക്ഷത്ര മേഖല. ഭദ്രകാളി ആരാധനയുമായി ഏറെ ബന്ധപ്പെട്ട ഒരു നക്ഷത്രമാണിത്. മേടം രാശി മേഖലയില്‍ ഏതാനും നക്ഷത്രങ്ങള്‍ ചേര്‍ന്ന് ഒരു അര്‍ദ്ധ വൃത്താകൃതിയില്‍ ഇത് കാണപ്പെടുന്നു.

ഭരണ പാടവം, തലയെടുപ്പ്, ഗാംഭീര്യം എന്നിവയാണ് ഇവരുടെ പ്രകടമായ വ്യക്തി ഗുണങ്ങള്‍. 

കൃതനിശ്‌ചയസ്സ സത്യോരുഗ്‌ ദക്ഷസ്സുഖയുതശ്‌ച ഭരണീഷു 

(ഹോരാ)

ഈ പ്രമാണമനുസരിച്ച് ഭരണി നക്ഷത്രത്തില്‍ ജനിച്ചവന്‍ കാര്യങ്ങളെ ഉചിതമായ രീതിയില്‍ ചെയ്യാന്‍ കഴിവുള്ളവനായും സത്യത്തോടു കൂടിയവനും ആരോഗ്യമുള്ള ശരീരം ഉണ്ടയും സമര്‍ത്ഥനായും സുഖിയായും ഭവിക്കുന്നു. 

യാമ്യര്‍ക്ഷേ വികലോന്യദാരനിരത ക്രൂരഃ കൃതഘ്‌നോ ധനീ

(ജാതക പാരിജാതം)


ഭരണി നക്ഷത്രത്തില്‍ ജനിച്ചവന്‌ കാര്യങ്ങള്‍ ചെയ്യുന്നതില്‍ വൈകല്യം, പരസ്‌ത്രീയില്‍ താല്‌പര്യം എന്നിവ ഉണ്ടാകും. കൂടാതെ, മനസ്സിന്‌ കാഠിന്യവും ദാരിദ്ര്യവും കൃതഘ്‌നതയും ഉണ്ടാകും. 

എന്നാല്‍ പ്രായോഗികമായി ഹോരാ ശ്ലോകത്തോടാണ് ഭരണി നക്ഷത്രക്കാരുടെ സ്വഭാവം ഒത്തിണങ്ങി കാണുന്നത്. വാക്കിലാണ് കൃതഘ്നത കണ്ടു വരുന്നത്.

ശാന്താത്മാ ചലചിത്ത സ്‌ത്രീലോലസ്സത്യവാക്‌ സുഖീ മാനീഃ

ധീരോ മിത്രസഹായോ ദീര്‍ഘായുസ്സ്വല്‌പ പുത്രവാന്‍ യാമ്യേഃ 

(ബൃഹത്‌ജാതകപദ്ധതി)


ഭരണി നക്ഷത്രത്തില്‍ ജനിക്കുന്നവന്‍ ശാന്തബുദ്ധിയായും മനസ്സിന് ചാപല്യം ഉള്ളവനായും സ്‌ത്രീകളില്‍ ആസക്‌തനായും സത്യവാക്കായും സുഖവും മാനവും ധീരതയും ബന്ധുമിത്ര സഹായവും ദീര്‍ഘായുസ്സുമുള്ളവനായും പുത്രന്മാര്‍ കുറഞ്ഞിരിക്കുന്നവനായും ഭവിക്കുന്നു. അഭിമാനം സംരക്ഷിക്കാന്‍ ഇവര്‍ എന്ത് പ്രവൃത്തിക്കും മടിക്കില്ല.


അരോഗീ സത്യവാദീ ച സല്‍പ്രാണശ്‌ച ദൃഢവ്രതഃ 

ഭരണ്യാം ജായതേ ലോകഃ സ സുഖീധന വാനപി

(മാനസാഗരി) 


ഭരണി നക്ഷത്രത്തില്‍ ജനിക്കുന്നവര്‍ക്ക് ആരോഗ്യം, സത്യവാദം, പരാക്രമശീലം, കാര്യങ്ങളില്‍ ദൃഢനിശ്‌ചയം, സുഖജീവിതം, സാമ്പത്തികാഭിവൃദ്ധി എന്നിവയുണ്ടായിരിക്കും.

ഈ നക്ഷത്രം മനുഷ്യ ഗണത്തില്‍ പെട്ടതും ഇതിന്‍റെ ദേവത യമനും ആകുന്നു. പ്രസന്നമുഖമുള്ള, ശുദ്ധഹൃദയരായ ഇവര്‍ ആര്‍ക്കും ദോഷം ഉണ്ടാകരുതെന്ന് ആഗ്രഹിച്ചുമാത്രമേ പ്രവൃത്തികള്‍ ചെയ്യാറുള്ളു. എന്നാല്‍ സ്വതന്ത്രബുദ്ധികളായ ഇവരുടെ അഭിപ്രായം മറ്റുള്ളവര്‍ക്ക് ഇഷ്ടമാകണമെന്നില്ല. സ്വന്തമായ വീക്ഷണം ഏത് കാര്യത്തിലും കാണും. പ്രീണിപ്പിച്ചോ കാലുപിടിച്ചോ കാര്യം കാണാന്‍ ഇവര്‍ക്കറിയില്ല. കഷ്ടനഷ്ടങ്ങള്‍ ഉണ്ടായാല്‍ പോലും മനസ്സാക്ഷിക്ക് വിരുദ്ധമായി പറയാന്‍ ഇവര്‍ക്ക് പ്രയാസമാണ്. 


നിസ്സാര കാര്യങ്ങള്‍ക്ക് പോലുമുള്ള ക്ഷോഭമാണ് ഇവരുടെ പരാജയം. ഇതുമൂലം മുന്‍കോപിയെന്നും അഹങ്കാരിയെന്നും അറിയപ്പെടും. എന്നാല്‍ പെട്ടെന്ന് ശാന്തരായി ദേഷ്യത്തിന് ഇരയായവരോട് സഹകരിക്കുകയും ചെയ്യും. സുഖങ്ങള്‍ ഇഷ്ടപ്പെടും. പലരും സ്ത്രീകള്‍ക്ക് വശംവദരാകും. നല്ല അഭിമാന ബോധം ഉണ്ടാകും. അഭിമാനം കാക്കാന്‍ സാഹസവും ചെയ്യും.

വളരെ അടുപ്പവും സ്നേഹവും ഉള്ളവരോടുപോലും വിനയം കാ‍ട്ടാന്‍ ഈ നക്ഷത്രക്കാര്‍ക്ക് മടിയാണ്. ഇവര്‍ പൊതുവെ നല്ല അറിവും വാക്സാമര്‍ഥ്യവും ഉള്ളവരായിരിക്കും. ബന്ധുബലം ഉണ്ടാകും. എന്നാല്‍ പലരും എതിരാളികള്‍ ആകും. 

പൊതു കാര്യങ്ങളില്‍ ഭരണി ജാതര്‍ വളരെ ശോഭിക്കും. ഏതു വിഷയവും നന്നായി മനസ്സിലാക്കി പ്രവര്‍ത്തിക്കും. പക്ഷെ, ആവശ്യമില്ലാതെ വാക് തര്‍ക്കത്തില്‍ ഏര്‍പ്പെടുക മൂലം എതിര്‍പ്പുകള്‍ ഉണ്ടാകും. പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞാല്‍ നല്ല ഭരണാധിപന്‍ ആകാനും കഴിയും. എന്തു പരാജയം വന്നാലും കീഴടങ്ങാത്ത മനസ്സ് ഇവരുടെ അമൂല്യസമ്പത്താണ്.ചില ആദര്‍ശങ്ങളുടെ പേരിലായിരിക്കും മിക്ക തര്‍ക്കവും ഉണ്ടാവുക. പിതാവില്‍നിന്നും സഹോദരങ്ങളില്‍നിന്നും വലിയ നേട്ടം ഇവര്‍ക്ക് ഉണ്ടാകാറില്ല. മറ്റുള്ളവരുടെ കാര്യത്തില്‍ അങ്ങോട്ട് കയറി ഇടപെടുന്ന സ്വഭാവം ഇവര്‍ക്കുണ്ട്. എന്നല്‍ സ്വന്തം ജീവിതം അത്രയൊന്നും ചിട്ട ആയിരിക്കയുമില്ല. ദാമ്പത്യ ജീവിതം പൊതുവെ സുഖകരമായിരിക്കും.പുത്രന്മാര്‍ കുറവായിരിക്കും.

ഭരണി നക്ഷത്രക്കാര്‍ ശത്രുദോഷത്തെ വളരെ കരുതലോടെ വീക്ഷിക്കേണ്ടതാണ്. അടിക്കടി പരാജയം ഉണ്ടായാ‍ല്‍ ഇതു നോക്കണം. അസ്വസ്‌ഥതകളും മനഃക്ലേശങ്ങളും കൂടെക്കൂടെയുണ്ടാകുന്നതാണ്‌. എല്ലാവരുടേയും കാര്യങ്ങള്‍ നോക്കാനിവര്‍ക്ക്‌ സാധിക്കുമെങ്കിലും ഇവരുടെ കാര്യം നോക്കാന്‍ വേറെയാരെങ്കിലും വേണ്ടിവരും. ഇവര്‍ ഉപകാരം ചെയ്‌തുകൊടുത്തവരും, സഹായിച്ചവരുമെല്ലാം ഒടുവില്‍ ഇവര്‍ക്കുതന്നെ ശത്രുക്കളായിത്തീരുന്നതായാണ്‌ കണ്ടുവരുന്നത്‌. ആരുമായും ദീര്‍ഘകാലസൗഹൃദം ഇവര്‍ക്ക്‌ സാധ്യമായെന്ന്‌ വരാറില്ല. ഒരുപക്ഷേ, ഉപകാരസ്‌മരണ കുറഞ്ഞതാകാം അതിനു കാരണം.

ഇവരുടെ ജനനം ശുക്രദശയിലാണ്. തുടര്‍ന്ന് ആദിത്യദശ. അലച്ചിലും വിഷമവും ഉണ്ടാകാം. പിന്നീട് ചന്ദ്രദശ, കുജദശ,രാഹുദശ. രാഹു ദശ ശ്രദ്ധിക്കേണ്ട കാലമാണ്. പിന്നെ വ്യാഴദശക്ക് ശേഷമുള്ള ശനിദശയിലും ഉത്തമമായ പൂജയോ പരിഹാരമോ ചെയ്ത് ദോഷം ഒഴിവാക്കണം. ആരൊഗ്യം പൊതുവെ മെച്ചമാണെങ്കിലും ശിരോരോഗം, അര്‍ശസ്, ത്വഗ്രോഗം ഇവ വരാതെ കരുതല്‍ വേണം. വന്നാല്‍ ചികിത്സയോടൊപ്പം വഴിപാടുകളും ചെയ്യണം. ആഗ്രഹിച്ചു പണിയുന്ന വീട് ത്രുപ്തികരമായി പൂര്‍തീകരിക്കാ‍ന്‍ പ്രയാസമാകും. എങ്കില്‍ ആവശ്യമായ പരിഹാരം ചെയ്തുകൊള്ളണം.

ഭരണി നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകളുടെ ഫലം.

മേല്‍ പറഞ്ഞ ഫലങ്ങളോടൊപ്പം സ്ത്രീകള്‍ക്കുള്ള പ്രത്യേക ഫലം താഴെ പറയുന്നു.

സ്‌ത്രീവര്‍ഗ്ഗയുക്‌താ ഭരണീഷു ജാതാ
ഭവേന്നൃശംസാ കലഹപ്രിയാ ചഃ
സുദുഷ്‌ട ചിന്താ വിഭവൈര്‍ വിഹീനാ
ക്ഷതപ്രതാപാ സതതം കുചേലാ.


ഭരണി നക്ഷത്രക്കാരായ സ്‌ത്രീകള്‍, മറ്റു സ്‌ത്രീകളോടു കൂടുതല്‍ ഇടപഴകുവാന്‍ ആഗ്രഹിക്കുന്നവരായിരിക്കും. എങ്കിലും താന്‍പോരിമ മുന്നിട്ടു നില്‍ക്കും. ദുഷ്‌ട(വിപരീത)ബുദ്ധി, കലഹതാല്‌പര്യം, ദുര്‍ബുദ്ധി (വേണ്ട സമയത്ത് ശരിയായ ബുദ്ധി തോന്നായ്ക), ധനവിഭവാദികളില്ലാത്ത അവസ്‌ഥ (ദാരിദ്ര്യം), ഗുണകരമായ പ്രതാപമില്ലായ്‌മ, മോശമായ വസ്‌ത്രങ്ങളുണ്ടാവുക (മോശം വസ്ത്രങ്ങള്‍ ധരിച്ചു പൊതു വേദികളില്‍ പോകേണ്ടി വരിക) എന്നിവ ഫലങ്ങളാണ്‌.

നല്ല പരിശ്രമശീലരും കാര്യ വിവേചനശക്‌തിയുള്ളവരും നല്ല കഴിവ്‌ ഉള്ളവരുമായിരിക്കുമെങ്കിലും വൈരാഗ്യവും പിടിവാശിയും ഈ നക്ഷത്രത്തില്‍ ജനിച്ച സ്‌ത്രീകളില്‍ സ്വതവേ തന്നെയുണ്ടായിരിക്കും. ഭര്‍ത്താവിനെക്കൊണ്ടോ, ഭര്‍ത്തൃകുടുംബത്തെക്കൊണ്ടോ ഉള്ള ദുരിതങ്ങള്‍ കൂടെക്കൂടെയുണ്ടായിക്കൊണ്ടേയിരിക്കും. ഇവര്‍ക്ക്‌ ഭരണശക്‌തിയും മേധാവിത്വവും അല്‌പം കൂടുതലായിരിക്കും. അതിനാല്‍ തന്നെ പലപ്പോഴും ഗൃഹത്തില്‍ ചെറിയ അസ്വസ്ഥത ഉണ്ടാകും.''ഭരണിപ്പെണ്‍ ധരണിയാളും'' എന്നാണ് നാട്ടുമൊഴി.  ഇവരുടെ നീതിബോധവും ഭരണ നൈപുണ്യവും എടുത്തു പറയേണ്ട സവിശേഷതയാണ്. ഭര്‍ത്താവിന്‍റെ സഹായം പോലും ഇല്ലെങ്കിലും ഗൃഹം നോക്കാന്‍ കഴിവുണ്ടാകും എന്നര്‍ത്ഥം.

No comments:

Post a Comment

രോഹിണി (Rohini)

നേത്രാതുര: കുലീന: പ്രിയവാക് പാര്‍ശ്യോങ്കിതോ വിശുദ്ധമതി:  മാതുരനിഷ്ടസ്സുഭഗോ  രോഹിണ്യാം ജായതേ ധനീ വിദ്വാന്‍  നാല്പത്തി ...