Friday, October 8, 2010

കാര്‍ത്തിക (Karthika)




തേജസ്വി ബഹുളോൽഭവ: പ്രഭുസമോ മൂർഖശ്ച വിദ്യാധനീ

എന്ന പ്രമാണം അനുസരിച്ച്  കാർത്തിക നക്ഷത്രത്തിൽ ജനിച്ചവർ തേജസ്വികളും പ്രഭുതുല്യരും മൂർഖസ്വഭാവക്കാരും വിദ്യയോടും ധനത്തോടും കൂടിയവരായിരിക്കും.

അസാമാന്യമായ ബുദ്ധിസാമര്‍ഥ്യം, കര്‍മ്മകുശലത, പ്രയത്നശീലം, ഈശ്വരവിശ്വാസം,  കുലീനത, പ്രസിദ്ധി, അഭിമാനം, ധര്‍മബോധം ഇവ ചേര്‍ന്നാല്‍ ഒരു കാര്‍ത്തിക നക്ഷത്രക്കാരനായി.ചില ആദര്‍ശ നിഷ്ഠകള്‍, പ്രത്യേകമായ അഭിമാനബോധം ഇവ ജീവിതത്തില്‍ പല പരിവര്‍ത്തനങ്ങള്‍ക്കും കാരണമാകുന്നു.വലിയ ത്യാഗങ്ങള്‍ സഹിക്കുന്നവരല്ല. മറ്റുള്ളവരെ ഉപദേശിക്കാനും ബുദ്ധിപൂര്‍വമായ മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനും സമര്‍ത്ഥരാണ്. സദാചാരങ്ങളില്‍ അടിയുറച്ച വിശ്വാസം ഉണ്ടായിരിക്കും.

കാര്യശേഷിയില്‍ മുന്‍പരായ ഇവര്‍ ഓരോ  സന്ദര്‍ഭത്തിനും അനുയോജ്യമായ രീതിയില്‍ കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കാനും പ്രവര്‍ത്തിക്കാനും സമര്‍ഥരാണ്. രാഷ്ട്രീയത്തില്‍ ഇവര്‍ വളരെ ശോഭിക്കും, പക്ഷേ,പലപ്പോഴും നഷ്ടവും ഇഛാഭംഗവും ഉണ്ടാകും.കൂടെ നില്‍ക്കുന്നവരെ സംരക്ഷിക്കും. പക്ഷേ പലപ്പോഴും അവരില്‍നിന്നു തന്നെ എതിര്‍പ്പ് ഉണ്ടാകും. തെറ്റുകളെ മാപ്പാക്കാനും ഇവര്‍ക്ക് വിശാല മനസ്സുണ്ട്. ദിനചര്യകള്‍ വളരെ പ്രധാനമാണ്. സ്വന്തം താല്പര്യത്തിനു വിരുദ്ധമായ ഏതു കൂട്ടുകെട്ടിനെയും ഇവര്‍ ഉപേക്ഷിക്കും. വിനീതമായ പെരുമാറ്റം, പക്ഷേ, ഉയര്‍ന്ന ആജ്ഞാശക്തി ഇവ ജന്മസിദ്ധമാണ്. മിക്കവര്‍ക്കും ജന്മനാടിനു വെളിയില്‍ ആയിരിക്കും ഉയര്‍ച്ച ഉണ്ടാവുക. മാതാവില്‍നിന്നുള്ള ആനുകൂല്യങ്ങള്‍ ധാരാളമായി ഉണ്ടാകും. പിതാവിനെപ്പറ്റി അഭിമാനിക്കും. സ്വന്തം നേട്ടങ്ങളെപ്പറ്റിയും അഭിമാനിക്കും. കൃത്യനിഷ്ഠ ഉണ്ടായിരിക്കും. തന്ത്രം മെനയുന്നതില്‍ സമര്‍ഥരാണ്. പക്ഷേ ആരെയും അത്രമേല്‍ ചതിക്കുകയില്ല.

ഈ നാളുകാരുടെ കുടുംബജീവിതം വളരെ സന്തോഷകരമായിരിക്കും. ഭാര്യമാര്‍ വളരെ മനോഗുണമുള്ളവരായിരിക്കും. പക്ഷേ ആ ഭാര്യയുമൊത്തുള്ള ജീവിതം പൂര്‍ണമായി അനുഭവിക്കാന്‍ സാധ്യത കുറവാണ്. ഭാര്യാവിരഹമോ വേര്‍പിരിഞ്ഞു ‍താമസിക്കേണ്ടി വരികയോ ഉണ്ടാകാം. 50-55 വയസ്സിനു മേല്‍ പലവിധ നേട്ടങ്ങളും ഉണ്ടാകും. പൊതുജനമധ്യത്തില്‍ പ്രസിദ്ധി ആര്‍ജിക്കും. ക്ഷോഭം ഉണ്ടായാല്‍ ഇവര്‍ ആലോചിക്കാതെ തീരുമാനം എടുക്കുകയും അപകടം ഉണ്ടാവുകയും ചെയ്യും. മാനസിക സമ്മര്‍ദ്ദങ്ങള്‍ ഇവരെ മിക്കപ്പോഴും പിന്തുടരും. മക്കള്‍ മൂലം ദു:ഖിക്കും.

ഈ നാളുകാര്‍ ആദിത്യദശയിലാണ് ജനിക്കുന്നത്. രാഹു, ശനി ദശകളില്‍ സൂക്ഷിക്കണം, പ്രത്യേകിച്ച് ഈ ഗ്രഹങ്ങള്‍ അനുകൂലമല്ല എങ്കില്‍. ഗണപതി, ശ്രീകൃഷ്ണന്‍ തുടങ്ങിയ മൂര്‍ത്തികളെ പ്രീതിപ്പെടുത്തി ദോഷശാന്തി കൈവരിക്കാം.

Monday, October 4, 2010

ഭരണി (BHARANI)


രാശിചക്രത്തില്‍ മേടം രാശിയിൽ 13 ഡിഗ്രി 20 മിനിട്ടു മുതൽ 26 ഡിഗ്രി 40 മിനിട്ടു വരെ ഭരണി നക്ഷത്രമാണ്. അതായത് രണ്ടാമത്തെ നക്ഷത്ര മേഖല. ഭദ്രകാളി ആരാധനയുമായി ഏറെ ബന്ധപ്പെട്ട ഒരു നക്ഷത്രമാണിത്. മേടം രാശി മേഖലയില്‍ ഏതാനും നക്ഷത്രങ്ങള്‍ ചേര്‍ന്ന് ഒരു അര്‍ദ്ധ വൃത്താകൃതിയില്‍ ഇത് കാണപ്പെടുന്നു.

ഭരണ പാടവം, തലയെടുപ്പ്, ഗാംഭീര്യം എന്നിവയാണ് ഇവരുടെ പ്രകടമായ വ്യക്തി ഗുണങ്ങള്‍. 

കൃതനിശ്‌ചയസ്സ സത്യോരുഗ്‌ ദക്ഷസ്സുഖയുതശ്‌ച ഭരണീഷു 

(ഹോരാ)

ഈ പ്രമാണമനുസരിച്ച് ഭരണി നക്ഷത്രത്തില്‍ ജനിച്ചവന്‍ കാര്യങ്ങളെ ഉചിതമായ രീതിയില്‍ ചെയ്യാന്‍ കഴിവുള്ളവനായും സത്യത്തോടു കൂടിയവനും ആരോഗ്യമുള്ള ശരീരം ഉണ്ടയും സമര്‍ത്ഥനായും സുഖിയായും ഭവിക്കുന്നു. 

യാമ്യര്‍ക്ഷേ വികലോന്യദാരനിരത ക്രൂരഃ കൃതഘ്‌നോ ധനീ

(ജാതക പാരിജാതം)


ഭരണി നക്ഷത്രത്തില്‍ ജനിച്ചവന്‌ കാര്യങ്ങള്‍ ചെയ്യുന്നതില്‍ വൈകല്യം, പരസ്‌ത്രീയില്‍ താല്‌പര്യം എന്നിവ ഉണ്ടാകും. കൂടാതെ, മനസ്സിന്‌ കാഠിന്യവും ദാരിദ്ര്യവും കൃതഘ്‌നതയും ഉണ്ടാകും. 

എന്നാല്‍ പ്രായോഗികമായി ഹോരാ ശ്ലോകത്തോടാണ് ഭരണി നക്ഷത്രക്കാരുടെ സ്വഭാവം ഒത്തിണങ്ങി കാണുന്നത്. വാക്കിലാണ് കൃതഘ്നത കണ്ടു വരുന്നത്.

ശാന്താത്മാ ചലചിത്ത സ്‌ത്രീലോലസ്സത്യവാക്‌ സുഖീ മാനീഃ

ധീരോ മിത്രസഹായോ ദീര്‍ഘായുസ്സ്വല്‌പ പുത്രവാന്‍ യാമ്യേഃ 

(ബൃഹത്‌ജാതകപദ്ധതി)


ഭരണി നക്ഷത്രത്തില്‍ ജനിക്കുന്നവന്‍ ശാന്തബുദ്ധിയായും മനസ്സിന് ചാപല്യം ഉള്ളവനായും സ്‌ത്രീകളില്‍ ആസക്‌തനായും സത്യവാക്കായും സുഖവും മാനവും ധീരതയും ബന്ധുമിത്ര സഹായവും ദീര്‍ഘായുസ്സുമുള്ളവനായും പുത്രന്മാര്‍ കുറഞ്ഞിരിക്കുന്നവനായും ഭവിക്കുന്നു. അഭിമാനം സംരക്ഷിക്കാന്‍ ഇവര്‍ എന്ത് പ്രവൃത്തിക്കും മടിക്കില്ല.


അരോഗീ സത്യവാദീ ച സല്‍പ്രാണശ്‌ച ദൃഢവ്രതഃ 

ഭരണ്യാം ജായതേ ലോകഃ സ സുഖീധന വാനപി

(മാനസാഗരി) 


ഭരണി നക്ഷത്രത്തില്‍ ജനിക്കുന്നവര്‍ക്ക് ആരോഗ്യം, സത്യവാദം, പരാക്രമശീലം, കാര്യങ്ങളില്‍ ദൃഢനിശ്‌ചയം, സുഖജീവിതം, സാമ്പത്തികാഭിവൃദ്ധി എന്നിവയുണ്ടായിരിക്കും.

ഈ നക്ഷത്രം മനുഷ്യ ഗണത്തില്‍ പെട്ടതും ഇതിന്‍റെ ദേവത യമനും ആകുന്നു. പ്രസന്നമുഖമുള്ള, ശുദ്ധഹൃദയരായ ഇവര്‍ ആര്‍ക്കും ദോഷം ഉണ്ടാകരുതെന്ന് ആഗ്രഹിച്ചുമാത്രമേ പ്രവൃത്തികള്‍ ചെയ്യാറുള്ളു. എന്നാല്‍ സ്വതന്ത്രബുദ്ധികളായ ഇവരുടെ അഭിപ്രായം മറ്റുള്ളവര്‍ക്ക് ഇഷ്ടമാകണമെന്നില്ല. സ്വന്തമായ വീക്ഷണം ഏത് കാര്യത്തിലും കാണും. പ്രീണിപ്പിച്ചോ കാലുപിടിച്ചോ കാര്യം കാണാന്‍ ഇവര്‍ക്കറിയില്ല. കഷ്ടനഷ്ടങ്ങള്‍ ഉണ്ടായാല്‍ പോലും മനസ്സാക്ഷിക്ക് വിരുദ്ധമായി പറയാന്‍ ഇവര്‍ക്ക് പ്രയാസമാണ്. 


നിസ്സാര കാര്യങ്ങള്‍ക്ക് പോലുമുള്ള ക്ഷോഭമാണ് ഇവരുടെ പരാജയം. ഇതുമൂലം മുന്‍കോപിയെന്നും അഹങ്കാരിയെന്നും അറിയപ്പെടും. എന്നാല്‍ പെട്ടെന്ന് ശാന്തരായി ദേഷ്യത്തിന് ഇരയായവരോട് സഹകരിക്കുകയും ചെയ്യും. സുഖങ്ങള്‍ ഇഷ്ടപ്പെടും. പലരും സ്ത്രീകള്‍ക്ക് വശംവദരാകും. നല്ല അഭിമാന ബോധം ഉണ്ടാകും. അഭിമാനം കാക്കാന്‍ സാഹസവും ചെയ്യും.

വളരെ അടുപ്പവും സ്നേഹവും ഉള്ളവരോടുപോലും വിനയം കാ‍ട്ടാന്‍ ഈ നക്ഷത്രക്കാര്‍ക്ക് മടിയാണ്. ഇവര്‍ പൊതുവെ നല്ല അറിവും വാക്സാമര്‍ഥ്യവും ഉള്ളവരായിരിക്കും. ബന്ധുബലം ഉണ്ടാകും. എന്നാല്‍ പലരും എതിരാളികള്‍ ആകും. 

പൊതു കാര്യങ്ങളില്‍ ഭരണി ജാതര്‍ വളരെ ശോഭിക്കും. ഏതു വിഷയവും നന്നായി മനസ്സിലാക്കി പ്രവര്‍ത്തിക്കും. പക്ഷെ, ആവശ്യമില്ലാതെ വാക് തര്‍ക്കത്തില്‍ ഏര്‍പ്പെടുക മൂലം എതിര്‍പ്പുകള്‍ ഉണ്ടാകും. പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞാല്‍ നല്ല ഭരണാധിപന്‍ ആകാനും കഴിയും. എന്തു പരാജയം വന്നാലും കീഴടങ്ങാത്ത മനസ്സ് ഇവരുടെ അമൂല്യസമ്പത്താണ്.ചില ആദര്‍ശങ്ങളുടെ പേരിലായിരിക്കും മിക്ക തര്‍ക്കവും ഉണ്ടാവുക. പിതാവില്‍നിന്നും സഹോദരങ്ങളില്‍നിന്നും വലിയ നേട്ടം ഇവര്‍ക്ക് ഉണ്ടാകാറില്ല. മറ്റുള്ളവരുടെ കാര്യത്തില്‍ അങ്ങോട്ട് കയറി ഇടപെടുന്ന സ്വഭാവം ഇവര്‍ക്കുണ്ട്. എന്നല്‍ സ്വന്തം ജീവിതം അത്രയൊന്നും ചിട്ട ആയിരിക്കയുമില്ല. ദാമ്പത്യ ജീവിതം പൊതുവെ സുഖകരമായിരിക്കും.പുത്രന്മാര്‍ കുറവായിരിക്കും.

ഭരണി നക്ഷത്രക്കാര്‍ ശത്രുദോഷത്തെ വളരെ കരുതലോടെ വീക്ഷിക്കേണ്ടതാണ്. അടിക്കടി പരാജയം ഉണ്ടായാ‍ല്‍ ഇതു നോക്കണം. അസ്വസ്‌ഥതകളും മനഃക്ലേശങ്ങളും കൂടെക്കൂടെയുണ്ടാകുന്നതാണ്‌. എല്ലാവരുടേയും കാര്യങ്ങള്‍ നോക്കാനിവര്‍ക്ക്‌ സാധിക്കുമെങ്കിലും ഇവരുടെ കാര്യം നോക്കാന്‍ വേറെയാരെങ്കിലും വേണ്ടിവരും. ഇവര്‍ ഉപകാരം ചെയ്‌തുകൊടുത്തവരും, സഹായിച്ചവരുമെല്ലാം ഒടുവില്‍ ഇവര്‍ക്കുതന്നെ ശത്രുക്കളായിത്തീരുന്നതായാണ്‌ കണ്ടുവരുന്നത്‌. ആരുമായും ദീര്‍ഘകാലസൗഹൃദം ഇവര്‍ക്ക്‌ സാധ്യമായെന്ന്‌ വരാറില്ല. ഒരുപക്ഷേ, ഉപകാരസ്‌മരണ കുറഞ്ഞതാകാം അതിനു കാരണം.

ഇവരുടെ ജനനം ശുക്രദശയിലാണ്. തുടര്‍ന്ന് ആദിത്യദശ. അലച്ചിലും വിഷമവും ഉണ്ടാകാം. പിന്നീട് ചന്ദ്രദശ, കുജദശ,രാഹുദശ. രാഹു ദശ ശ്രദ്ധിക്കേണ്ട കാലമാണ്. പിന്നെ വ്യാഴദശക്ക് ശേഷമുള്ള ശനിദശയിലും ഉത്തമമായ പൂജയോ പരിഹാരമോ ചെയ്ത് ദോഷം ഒഴിവാക്കണം. ആരൊഗ്യം പൊതുവെ മെച്ചമാണെങ്കിലും ശിരോരോഗം, അര്‍ശസ്, ത്വഗ്രോഗം ഇവ വരാതെ കരുതല്‍ വേണം. വന്നാല്‍ ചികിത്സയോടൊപ്പം വഴിപാടുകളും ചെയ്യണം. ആഗ്രഹിച്ചു പണിയുന്ന വീട് ത്രുപ്തികരമായി പൂര്‍തീകരിക്കാ‍ന്‍ പ്രയാസമാകും. എങ്കില്‍ ആവശ്യമായ പരിഹാരം ചെയ്തുകൊള്ളണം.

ഭരണി നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകളുടെ ഫലം.

മേല്‍ പറഞ്ഞ ഫലങ്ങളോടൊപ്പം സ്ത്രീകള്‍ക്കുള്ള പ്രത്യേക ഫലം താഴെ പറയുന്നു.

സ്‌ത്രീവര്‍ഗ്ഗയുക്‌താ ഭരണീഷു ജാതാ
ഭവേന്നൃശംസാ കലഹപ്രിയാ ചഃ
സുദുഷ്‌ട ചിന്താ വിഭവൈര്‍ വിഹീനാ
ക്ഷതപ്രതാപാ സതതം കുചേലാ.


ഭരണി നക്ഷത്രക്കാരായ സ്‌ത്രീകള്‍, മറ്റു സ്‌ത്രീകളോടു കൂടുതല്‍ ഇടപഴകുവാന്‍ ആഗ്രഹിക്കുന്നവരായിരിക്കും. എങ്കിലും താന്‍പോരിമ മുന്നിട്ടു നില്‍ക്കും. ദുഷ്‌ട(വിപരീത)ബുദ്ധി, കലഹതാല്‌പര്യം, ദുര്‍ബുദ്ധി (വേണ്ട സമയത്ത് ശരിയായ ബുദ്ധി തോന്നായ്ക), ധനവിഭവാദികളില്ലാത്ത അവസ്‌ഥ (ദാരിദ്ര്യം), ഗുണകരമായ പ്രതാപമില്ലായ്‌മ, മോശമായ വസ്‌ത്രങ്ങളുണ്ടാവുക (മോശം വസ്ത്രങ്ങള്‍ ധരിച്ചു പൊതു വേദികളില്‍ പോകേണ്ടി വരിക) എന്നിവ ഫലങ്ങളാണ്‌.

നല്ല പരിശ്രമശീലരും കാര്യ വിവേചനശക്‌തിയുള്ളവരും നല്ല കഴിവ്‌ ഉള്ളവരുമായിരിക്കുമെങ്കിലും വൈരാഗ്യവും പിടിവാശിയും ഈ നക്ഷത്രത്തില്‍ ജനിച്ച സ്‌ത്രീകളില്‍ സ്വതവേ തന്നെയുണ്ടായിരിക്കും. ഭര്‍ത്താവിനെക്കൊണ്ടോ, ഭര്‍ത്തൃകുടുംബത്തെക്കൊണ്ടോ ഉള്ള ദുരിതങ്ങള്‍ കൂടെക്കൂടെയുണ്ടായിക്കൊണ്ടേയിരിക്കും. ഇവര്‍ക്ക്‌ ഭരണശക്‌തിയും മേധാവിത്വവും അല്‌പം കൂടുതലായിരിക്കും. അതിനാല്‍ തന്നെ പലപ്പോഴും ഗൃഹത്തില്‍ ചെറിയ അസ്വസ്ഥത ഉണ്ടാകും.''ഭരണിപ്പെണ്‍ ധരണിയാളും'' എന്നാണ് നാട്ടുമൊഴി.  ഇവരുടെ നീതിബോധവും ഭരണ നൈപുണ്യവും എടുത്തു പറയേണ്ട സവിശേഷതയാണ്. ഭര്‍ത്താവിന്‍റെ സഹായം പോലും ഇല്ലെങ്കിലും ഗൃഹം നോക്കാന്‍ കഴിവുണ്ടാകും എന്നര്‍ത്ഥം.

Sunday, October 3, 2010

അശ്വതി (Ashwathy)




രാശിചക്രത്തിലെ 360 ഡിഗ്രികളെ 27 നക്ഷത്രമേഖലകളായി വിഭജിച്ചി ട്ടുള്ളതില്‍ ആദ്യത്തെ നക്ഷത്ര മേഖലയാണ് അശ്വതി. ഭൂമിയെ ചുറ്റി സഞ്ചരിക്കുന്ന ചന്ദ്രന്‍  0 ഡിഗ്രി മുതല്‍ 13 ഡിഗ്രി 20 മിനിട്ടുവരെ സഞ്ചരിക്കുന്ന സമയത്തെ അശ്വതി നക്ഷത്രം എന്നു പറയുന്നു. അശ്വാരൂഢന്മാരായ രണ്ടുപേർ എന്ന അർത്ഥത്തിൽ അശ്വിനൗ അഥവാ അശ്വായുജൗ എന്ന നാമമായിരുന്നു പ്രാചീനമായി ഉണ്ടായിരുന്നതു്. അതായത് രണ്ടു പ്രധാന നക്ഷത്രങ്ങള്‍ ഉള്‍പ്പെടുന്ന നക്ഷത്ര ഗണം. ഗ്രീക്കു പുരാണത്തിലെ കാസ്റ്റർ, പോളക്സ് എന്നീ ദേവന്മാർക്കു സമാനമായി ഹിന്ദുപുരാണങ്ങളിൽ കാണപ്പെടുന്ന അശ്വിനീദേവന്മാരെയാണ് ഈ പേര് പ്രതിനിധാനം ചെയ്തിരുന്നത്.. ശാകല്യസംഹിതയിലും ബ്രഹ്മഗുപ്തന്‍റെ ഖണ്ഡകാദ്യകത്തിലും മറ്റും രണ്ടു നക്ഷത്രങ്ങളെത്തന്നെയാണു് അശ്വതിയായി പരിഗണിച്ചിരുന്നത്. എന്നാൽ സൂര്യസിദ്ധാന്തത്തിൽ ഇവയുടെ യോഗതാരകം (junction star) ആയി വടക്കുള്ള ആൽഫാ ഏരിയറ്റിസിനെക്കൂടി ഉൾപ്പെടുത്തിക്കാണാനുണ്ട്. ഇപ്രകാരം വരുന്ന ത്രികോണാകൃതി ആണ് അശ്വമുഖം ആയി കരുതുന്നത് . 


ഈ നക്ഷത്രത്തിന്‍റെ ദേവത അശ്വിനീ ദേവന്മാരാണ്. ഈ നക്ഷത്രത്തില്‍ ജനിക്കുന്നവന്‍ വിദ്വാനും ബുദ്ധിമാനും ധൈര്യവാനും സ്വാതന്ത്ര്യശീലം ഉള്ളവനും അഭിമാനിയും സുന്ദരനും ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നവനുമായും ഭവിക്കും. 


പ്രിയഭൂഷണസ്സുരൂപസ്സുഭഗോ ദക്ഷോ ശ്രിനീഷു മതിമാംശ്ച 
(ഹോര) 


എന്ന പ്രമാണം അനുസരിച്ച് അശ്വതി നക്ഷത്രത്തില്‍ ജനിച്ചവര്‍ അലങ്കാരങ്ങളില്‍ താല്‌പര്യമുള്ളവരായിരിക്കും. നല്ല ശരീരത്തോടു കൂടിയവരായിട്ടും (സുഭഗ) സര്‍വ്വജനങ്ങള്‍ക്കും പ്രിയരായിട്ടും സമര്‍ത്ഥരും ബുദ്ധിമാന്മാരുമായിട്ടും ഭവിക്കുന്നതാണ്. 



അശ്വിന്യാമതി ബുദ്ധി വിത്ത വിനയ- പ്രജ്‌ഞാ യശ്ശസ്വീ സുഖീ.


(ജാതക പാരിജാതം) 


അശ്വതി നക്ഷത്രത്തില്‍ ജനിച്ചാല്‍ ബുദ്ധിയും ധനവും വിനയവും വിദ്യയും കീര്‍ത്തിയും സുഖവും ഉണ്ടായിരിക്കും. 


സുരൂപോ സുഭഗോ ദക്ഷഃ സ്‌ഥൂലകായോ മഹാധനീ 

അശ്വനീ സംഭവോ ലോകേ ജായതേ ജനവല്ലഭഃ 

(മാനസാഗരി) 


അശ്വതി നക്ഷത്രത്തില്‍ ജനിച്ചാല്‍ എല്ലാവിധ ഐശ്വര്യങ്ങളും സൗന്ദര്യം, സൗഭാഗ്യം, കാര്യസാമര്‍ത്ഥ്യം, പുഷ്‌ടിയുള്ള ശരീരം, വലിയ ധനസ്‌ഥിതി ജനങ്ങളുടെ നേതൃത്വം തുടങ്ങിയവയും ഉണ്ടായിരിക്കുന്നതാണ്. 

പ്രാജ്‌ഞോ ധൃതിമാന്‍ ദക്ഷ- സ്വതന്ത്രശീലഃ കുലാധീകോ മാനീ; 

ഭ്രാതൃജ്യേഷ്‌ഠ സ്സുഭഗോ, ജനപ്രിയശ്‌ചാശ്വിനീ ജാതഃ 

(ബൃഹത്‌ജാതകപദ്ധതി) 

പ്രസ്തുത പ്രമാണം അനുസരിച്ച് അശ്വതി നക്ഷത്രത്തില്‍ ജനിക്കുന്നവര്‍ വിദ്വാന്മാരായും ബുദ്ധിയും ധൈര്യവും സാമര്‍ത്ഥ്യവും സ്വാതന്ത്ര്യശീലവും ഉള്ളവരായും കുലത്തിനു ശ്രേഷ്‌ഠത നല്കുന്നവരായും അഭിമാനികളായും ജ്യേഷ്‌ഠഭ്രാതാക്കളായും (തറവാട്ടിലെ മൂത്തസന്താനം ആയിരിക്കും) സുന്ദരന്മാരായും ജനങ്ങള്‍ക്കിഷ്‌ടമുള്ളവരായും ഭവിക്കും. 


എല്ലാ അശ്വതി നക്ഷത്രക്കാരും ജ്യേഷ്‌ഠഭ്രാതാക്കള്‍ ആയിരിക്കണമെന്ന് പറയുന്നത് യുക്തിയല്ല. ചിന്ത കൊണ്ടും പ്രവൃത്തി കൊണ്ടും സഹോദരങ്ങളെക്കാള്‍ പക്വതയും കാര്യശേഷിയും പ്രകടിപ്പിക്കും എന്ന് സാരം. 


ചൈതന്യമുള്ള കണ്ണുകള്‍, പ്രശാന്തമായി കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവ്, ഓര്‍മ്മശക്തി,വിവേചനബുദ്ധി ഇവ പൊതുവെ കാണാം. ആരുടെയും പ്രേരണക്കോ പ്രലോഭനത്തിനോ അത്ര എളുപ്പത്തില്‍ വഴങ്ങുകയില്ല. എന്നാല്‍ ഒരു നിലപാട് സ്വീകരിച്ചാല്‍ അത് നിലനിര്‍ത്തുകയും ചെയ്യും. അതായത് ആലോചിച്ചോ, അല്ലാതെയോ ഏതെങ്കിലുമൊരു ഉറച്ച തീരുമാനമെടുത്തു കഴിഞ്ഞാല്‍ ന്തു കഷ്‌ടനഷ്‌ടങ്ങള്‍ വന്നാലും അതില്‍നിന്നും പിന്മാറാത്ത ഒരു നിര്‍ബന്ധബുദ്ധിയും ഇവര്‍ക്ക് ഉണ്ടായിരിക്കും. ചൊവ്വയുടെ സ്വക്ഷേത്രത്തില്‍ വരുന്ന നക്ഷത്രമായതുകൊണ്ടാണ് പൗരുഷവും ധൈര്യവും സ്‌ത്രീപുരുഷഭേദമെന്യേ ഇവരില്‍ കണ്ടുവരുന്നത്‌. സ്വഭാവത്തില്‍ വളരെ ശാന്തരായിരിക്കും. പക്ഷെ, ആര്‍ക്കും പിടികൊടുക്കാതെ കാര്യം നേടുവാനുള്ള സാമര്‍ത്ഥ്യവും, ആരുടേയും നിര്‍ബന്ധത്തിനോ, ബലപ്രയോഗത്തിനോ വഴങ്ങാത്ത മനസ്സും ഇവരുടെ പ്രത്യേകതകളാണ്‌. അന്ധവിശ്വാസത്തിനു കീഴ്പെടുന്നവരല്ല. എന്നാല്‍, പൊതുവേ നല്ല ഈശ്വര വിശ്വാസികളും ആയിരിക്കും. ദുഖങ്ങളില്‍ മറ്റുള്ളവരെ സമാധാനിപ്പിക്കാന്‍ സമര്‍ഥരാണ്. ഉള്ളീല്‍ യാഥാസ്ഥികത്വം പുലര്‍ത്തും. ഇവരുടെ യുക്തിവാദത്തിലും ഈശ്വരചിന്തയുടെ അംശം കാണും. കലാരസികന്മാരോ കലാപ്രവര്‍ത്തകരോ ആയിരിക്കും. സ്വന്തം ജീവിതവുമായി ബന്ധമില്ലാത്ത കാര്യങ്ങളിലും ഇടപെട്ട് മനോദുഖം ഉണ്ടാക്കും. 

അശ്വിനീ ജാതര്‍ക്ക് സംഗീതം, ചിത്രരചന, സാഹിത്യം മുതലായ കലകളില്‍ നല്ല വാസനയുണ്ടാകും. കൂടാതെ രാഷ്ട്രീയത്തിലും. പരിപോഷിപ്പിച്ചെടുക്കുകയാണെങ്കില്‍ അവര്‍ പ്രസ്തുത മേഖലകളില്‍ നല്ലതുപോലെ ശോഭിക്കുകയും ചെയ്യും. 


ബന്ധുബലം ഉണ്ടായിരിക്കും. പക്ഷെ, ബന്ധുവിദ്വേഷവും അതേപോലെ ഉണ്ടാകും. സുഖങ്ങള്‍ അനുഭവിക്കുന്നതില്‍ വളരെ താത്പര്യം ഉണ്ട്. നടപ്പിലും, പ്രവൃത്തിയിലും വീട്ടിലും വൃത്തിയുണ്ടാകണമെന്നത് നിര്‍ബന്ധമായിരിക്കും. കുലീനത പാലിക്കും. ഏതുകാര്യത്തിനിറങ്ങിയാലും മുന്നിട്ട് നില്‍ക്കും. സമൂഹത്തില്‍ മാന്യ പദവി ഉണ്ടായിരിക്കും. മറ്റുള്ള ആളുകളുമായി ആശയ വിനിമയം നടത്താനും കാര്യങ്ങള്‍ പറഞ്ഞ്‌ ബോധിപ്പിക്കാനും തങ്ങളുടെ ഭാഗത്താക്കാനുമിവര്‍ക്ക്‌ പ്രത്യേക സാമര്‍ത്ഥ്യം ഉണ്ടാകും. സ്‌നേഹിക്കുന്നവര്‍ക്കുവേണ്ടി എന്തു ത്യാഗം സഹിക്കാനും സന്നദ്ധത കാണിക്കും. 


സാമ്പത്തികമായി ഏറെ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ പ്രയാസമാണ്. വ്യാഴം, സൂര്യന്‍, ശനി തുടങ്ങിയ ഗ്രഹങ്ങള്‍ ജന്മ സമയത്ത് അനുകൂല ഭാവങ്ങളില്‍ വന്നാല്‍ മാത്രമേ സ്ഥിരമായ സാമ്പത്തിക നേട്ടം ഉണ്ടാകൂ. നന്നായി ജീവിക്കാനുള്ള ശൈലി രൂപപ്പെടുത്തും പക്ഷെ, ഇവരുടെ സാമ്പത്തികമായ ഉയര്‍ച്ച, ഇവരുടെ വരുമാനം വച്ചുനോക്കുമ്പോള്‍ താരതമ്യേന കുറവായിട്ടാണ് കാണുന്നത്. സൂര്യന്‍ ഉച്ചസ്ഥാനത്ത് എത്തുന്നത് മേടം രാശിയില്‍ 10 ഭാഗയില്‍ ഉള്‍പ്പെടുന്ന അശ്വതി നക്ഷത്രത്തില്‍ വരുമ്പോഴാണ്‌. അതിനാല്‍ അധികാരസ്‌ഥാനങ്ങളില്‍ ഇരിക്കാനുള്ള ഭാഗ്യമുണ്ടാകുന്നതാണ്. പോലീസ്‌, സൈനിക മേഖലകള്‍, കമ്പനി മേലധികാരി, രാഷ്ട്രീയ നേതാവ്, വകുപ്പ് മേധാവി തുടങ്ങിയ മേഖലകളിലും ചികിത്സാരംഗത്തും അധ്യാപനത്തിലും ശോഭിക്കാന്‍ സാധിക്കും. അഭിഭാഷക ജോലി ഏറെ ഗുണകരം.


ലഹരി താത്പര്യം, അമിതമായ കാമചിന്ത ഇവയാണ് ഇവരെ ബാധിക്കാവുന്ന പ്രധാന ദോഷങ്ങള്‍. അര്‍ശസ്, മൂത്രരോഗം, വാതം, ഹൃദ്രോഗം ഇവ ബാധിക്കാം. ഇവര്‍ പക്ഷെ ചികിത്സ കൃത്യമായി ചെയ്യുന്നതില്‍ വിമുഖരായിരിക്കും. 

ദേവവൈദ്യന്മാരായ അശ്വിനി ദേവതകളാണ്‌ ഇവരുടെ അധിപ ദേവത. ഇവരുടെ കൈയില്‍ നിന്നും ഔഷധം വാങ്ങി സേവിച്ചാല്‍ രോഗം ഭേദമാകുമെന്നും പറയപ്പെടുന്നുണ്ട്‌. എന്നാല്‍ ഇത് പുരാണ കഥകളുമായി ബന്ധപ്പെട്ട ഒരു വിശ്വാസം മാത്രമാണ്. 


അശ്വതിയുടെ ആദ്യപാദം ഗണ്ഡാന്തം എന്ന ദോഷമുള്ളതാണ്. ഈ സമയത്ത് ജനിക്കുന്നവരില്‍ ഗുണാനുഭവങ്ങള്‍ കുറഞ്ഞിരിക്കും. പലരും കുടുംബം വിട്ട് താമസിക്കും. സാമ്പത്തികവും ഗുണകരമായിരിക്കയില്ല. അശ്വതി നാളുകാരുടെ ശുക്രദശ ചെറുപ്പത്തില്‍തന്നെ കഴിയും( ആദ്യം കേതു, പിന്നെ ശുക്രന്‍). തുടര്‍ന്നുള്ള ആദിത്യ ദശാകാലം പൊതുവെ കഷ്ടപ്രദവുമായിരിക്കും. ഇക്കാലത്ത് അനുയോജ്യമായ വഴിപാടുകള്‍ നടത്തി ഗ്രഹപ്പിഴാദോഷം ഒരു പരിധി വരെ കുറയ്ക്കാം. 

അശ്വതി നാളില്‍ ജനിച്ച സ്ത്രീകള്‍ക്കും മിക്കവാറും മേല്പറഞ്ഞ അനുഭവങ്ങള്‍ തന്നെ ഉണ്ടാകും. 


ജാതാശ്വിനീഷു പ്രമദാ മനോജ്‌ഞാ 
പ്രഭൂതകോശാ പ്രിയദര്‍ശനാ 
ച പ്രിയംവദാ സര്‍വ്വസഹാഭിരാമാ 
ശുദ്ധാന്വിതാ ദേവഗുരു പ്രസക്‌താ 

എന്ന പ്രമാണം അനുസരിച്ച് ഇവര്‍ നല്ല കുടുംബിനികളും ധൈര്യവതികളും കുടുംബത്തിനു ഐശ്വര്യം നല്‍കുന്നവരും ആയിരിക്കും. നിഷ്‌ക്കളങ്കമായ ഭര്‍ത്തൃഭക്‌തിയുമുണ്ടായിരിക്കും. 


നവവസ്ത്രധാരണം, ഉപനയനം, ക്ഷൗരം, സീമന്തം, ആഭരണ ധാരണം, വാഹന ഉപയോഗം, സ്ത്രീസുഖം, കൃഷി ആരംഭം, വിദ്യാരംഭം, വൃക്ഷം നടല്‍ അധികാരികളെ കാണല്‍, സാധനങ്ങള്‍ വാങ്ങാന്‍(വില്‍ക്കാന്‍ ഗുണകരമല്ല), കുതിരവാങ്ങല്‍, വില്‍ക്കല്‍, സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാന്‍, കടം കൊടുക്കാന്‍, ശ്രാദ്ധത്തിന്, കൂടാതെ അശ്വതി നക്ഷത്രം പാര്‍ശ്വനക്ഷത്രമായതുകൊണ്ട് പാര്‍ശ്വഭാഗത്ത് ചെയ്യുന്ന ക്രിയകള്‍ക്ക് -റോഡുവെട്ടല്‍, കൃഷിയന്ത്രാദികള്‍ കൊണ്ടുപോകല്‍, വാഹനങ്ങള്‍ ഓടിക്കല്‍ ഇവയ്ക്ക് നല്ല ദിവസമാണ്. അശ്വതി നക്ഷത്രത്തില്‍ സാധനങ്ങള്‍ കളഞ്ഞുപോയാല്‍ കിട്ടാന്‍ പ്രയാസമാണ് എന്ന് വിശ്വസിക്കപ്പെടുന്നു.

കാര്‍ത്തിക, മകയിരം, പുണര്‍തം, വിശാഖം നാലാംപാദം, അനിഴം, തൃക്കേട്ട എന്നിവ പ്രതികൂലനക്ഷത്രങ്ങളാണ്‌.

അശ്വതി നക്ഷത്രത്തിന്‍റെ അധിപ ഗ്രഹം കേതുവാണ്. ഈ നക്ഷത്രക്കാര്‍ ഗണപതിയെ ഭജിക്കുന്നത്‌ ഉത്തമമാണ്‌. ജന്മനക്ഷത്രം തോറും ഗണപതിഹോമം നടത്തുന്നത്‌ ഐശ്വര്യപ്രദമായിരിക്കും. വിനായക ചതുര്‍ത്ഥിനാളില്‍ വ്രതമനുഷ്ഠിക്കുന്നതും ഉത്തമം. കേതുപ്രീതികരമായ മന്ത്രങ്ങളും സ്തോത്രങ്ങളും ഇവര്‍ ജപിക്കുന്നതും ഉത്തമം. മേടം രാശ്യാധിപനായ കുജനെ പ്രീതിപ്പെടുത്തുന്ന കര്‍മ്മങ്ങളും ഇവര്‍ അനുഷ്ഠിക്കേണ്ടതാണ്‌. ചൊവ്വാഴ്ചയും അശ്വതി നക്ഷത്രവും ചേര്‍ന്നുവരുന്ന ദിവസം സുബ്രഹ്മണ്യഭജനം (ചൊവ്വ ജാതകത്തില്‍ ഓജരാശിയിലെങ്കില്‍), ഭദ്രകാളീഭജനം (ചൊവ്വ ജാതകത്തില്‍ യുഗ്മരാശിയിലെങ്കില്‍)  എന്നിവ നടത്തുന്നത്‌ ഫലപ്രദമാണ്‌.


.

നക്ഷത്രങ്ങളും വ്യക്തിത്വവും (Birth star and Personality)





ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന് ഭൂമിയെച്ചുറ്റി സഞ്ചരിക്കാന്‍ 27 ദിവസങ്ങള്‍ വേണം. പ്രദക്ഷിണ വേളയില്‍ ഭൂമിക്കു ചുറ്റുമുള്ള 12 രാശികളിലൂടെയും അവയിലെ 27 നക്ഷത്രങ്ങളിലൂടെയും ചന്ദ്രന്‍ കടന്നു പോകുന്നു. ഈ നക്ഷത്രങ്ങള്‍ ചന്ദ്രന്‍റെ ഭാര്യമാരാണെന്നാണ്  പൌരാണിക സങ്കല്‍പ്പം. ഓരോ നക്ഷത്രത്തിലും ചന്ദ്രന്‍ നില്‍ക്കുന്നത് ഏകദേശം 2.25 ദിവസമാണ്.

ഏത് നക്ഷത്രത്തിലാണോ ഒരാള്‍ ജനിക്കുന്നത്, അയാള്‍ രൂപം കൊണ്ടും പ്രവൃത്തി കൊണ്ടും സ്വഭാവം കൊണ്ടും ആ നക്ഷത്രത്തിന്‍റെ പ്രത്യേകതകള്‍ പ്രകടിപ്പിക്കുന്നു എന്ന് പൌരാണിക കാലം മുതല്‍ ജനങ്ങള്‍ വിശ്വസിച്ചിരുന്നു. രാജകുടുംബാംഗങ്ങള്‍ക്ക് നാള്‍ ചേര്‍ത്ത് പേരുനല്‍കുന്നത് ഈ വിശ്വാസത്താലായിരിക്കണം. ചില സ്ഥലങ്ങളിൽ സാധാരണക്കാരും മുന്‍പ് കുട്ടി ജനിക്കുമ്പോള്‍ അന്നത്തെ നക്ഷത്രത്തിന്‍റെ പേരോ ആ നക്ഷത്രത്തിന്‍റെ അധിദേവതയുടെ പേരോ നല്‍കുന്ന പതിവുണ്ടായിരുന്നു. വിവാഹപ്പൊരുത്തത്തില്‍ നക്ഷത്രത്തിന് പ്രാധാന്യമുണ്ടായതും ഇക്കാരണത്താലായിരിക്കും. മനുഷ്യരില്‍ മാത്രമല്ല, ജന്തുക്കളിലും സസ്യങ്ങളിലും നക്ഷത്രങ്ങള്‍ സ്വാധീനം ചെലുത്തുന്നതായി കാണപ്പെടുന്നു. എന്തായാലും ഒരേ നക്ഷത്രത്തില്‍ ജനിക്കുന്ന വിവിധ വ്യക്തികളില്‍ ഒരേ സ്വഭാവഗുണം ഉള്ളതായി വളരെ മുന്‍പുതന്നെ ജ്യോതിഷ വിദഗ്ദ്ധരായ മഹര്‍ഷിമാര്‍ മനസ്സിലാക്കിയിരുന്നു. ശ്രദ്ധിച്ചാല്‍ നമുക്കും ഇത് സത്യമാണെന്ന് ബോധ്യപ്പെടുന്നതാണ്. വിവിധ നക്ഷത്രക്കാരുടെ പ്രത്യേക സ്വഭാവങ്ങള്‍ നമുക്കും നിരീക്ഷിക്കാം.

രോഹിണി (Rohini)

നേത്രാതുര: കുലീന: പ്രിയവാക് പാര്‍ശ്യോങ്കിതോ വിശുദ്ധമതി:  മാതുരനിഷ്ടസ്സുഭഗോ  രോഹിണ്യാം ജായതേ ധനീ വിദ്വാന്‍  നാല്പത്തി ...